This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള കത്തോലിക്ക കോണ്‍ഗ്രസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള കത്തോലിക്ക കോണ്‍ഗ്രസ്

കേരളത്തിലെ കത്തോലിക്കരുടെ സംഘടന. കത്തോലിക്ക സമുദായത്തിന്റെ പൊതുതാത്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനും സമുദായാംഗങ്ങളുടെ സര്‍വതോമുഖമായ ഉന്നമനത്തെ ലാക്കാക്കി പ്രവര്‍ത്തിക്കുന്നതിനുമായി 1918 ഏ. 30-ന് ചങ്ങനാശ്ശേരിയില്‍ വച്ച് 'അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ്' രൂപം കൊണ്ടു. ആരംഭ കാലത്ത് 'കേരളീയ കത്തോലിക്ക മഹാജനസഭ' എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. പിന്നീട് നടന്ന പൌരാവകാശ സമരങ്ങളിലും പ്രക്ഷോഭണങ്ങളിലും മറ്റും കത്തോലിക്ക സമുദായത്തെ പ്രതിനിധീകരിച്ചു പ്രവര്‍ത്തിച്ചത് ഈ സംഘടനയായിരുന്നു.

1905-ല്‍ മാന്നാനത്തുവച്ച് 'നാല്പതുമണിയാരാധനാ' വേളയില്‍ സമുദായത്തിന് ഒരു പൊതുവേദി വേണമെന്ന ആശയം ആദ്യമായി രൂപംകൊണ്ടു. അതിന്റെ പ്രണേതാക്കള്‍ നിധീരിക്കല്‍ മാണിക്കത്തനാരും മാന്നാനത്തെ കര്‍മലീത്താ വൈദിക പ്രമുഖരുമായിരുന്നു. കത്തോലിക്കാ സമുദായത്തിലെ ശക്തമായ ചേരിതിരിവു കാരണം ഇവരുടെ ശ്രമം ഫലപ്രാപ്തിയിലെത്താതെ പോവുകയാണുണ്ടായത്. 1907-ല്‍ ആലപ്പുഴയില്‍ വച്ച് വടക്കുംഭാഗ സുറിയാനി കത്തോലിക്കരുടെ മാത്രമായി ഒരു 'സാമൂഹിക സമ്മേളനം' സിറിയക്ക് നിധീരിയുടെ അധ്യക്ഷതയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. തുടര്‍ന്ന് പത്തുകൊല്ലം മുടങ്ങാതെ ഈ സാമൂഹിക സമ്മേളനം നടന്നുപോന്നു. സി. അന്തപ്പായിയുടെ അധ്യക്ഷതയില്‍ അതിരമ്പുഴയില്‍ നടന്ന 11-ാമത് സാമൂഹിക സമ്മേളനത്തില്‍ വച്ച് 'കേരള കത്തോലിക്ക സുറിയാനി സഭ' എന്ന പേരില്‍ ഒരു സ്ഥിരം സംഘടന രൂപവത്കരിക്കുന്നതിനു തീരുമാനമെടുക്കുകയും നിയമാവലി എഴുതിയുണ്ടാക്കുന്നതിന് ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പ്രസ്തുത കമ്മിറ്റി, വൈദിക മേലധ്യക്ഷന്മാരില്‍ നിന്നും അല്‍മായ പ്രമുഖരില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ ലത്തീന്‍ കത്തോലിക്കരെക്കൂടി ഉള്‍ക്കൊള്ളത്തക്ക വിധത്തില്‍ നിര്‍ദിഷ്ട സംഘടനയ്ക്ക് 'കത്തോലിക്ക മഹാജനസഭ' എന്ന പേരു നല്‍കി നിയമാവലി തയ്യാറാക്കി.

1918 ഏ. 30-ന് ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന 12-ാമത് സാമൂഹിക സമ്മേളനം 'കത്തോലിക്ക മഹാജനസഭ' യുടെ നിയമാവലി അംഗീകരിക്കുകയും ആദ്യത്തെ പ്രസിഡന്റായി മാര്‍ളൂയീസ് പഴയ പറമ്പിലിനെയും വൈസ് പ്രസിഡന്റായി സി. അന്തപ്പായിയെയും സെക്രട്ടറിയായി ടി. ജെ. മാത്യു തെള്ളിയെയും ട്രഷററായി ജോസഫ് വെള്ളാപ്പള്ളിയെയും തെരഞ്ഞെടുത്തു. 1929-ല്‍ അതിരമ്പുഴ വച്ചു നടന്ന സമ്മേളനത്തില്‍ വൈദിക മേലധ്യക്ഷന്മാര്‍ പ്രസിഡന്റു സ്ഥാനം വഹിക്കുന്നതില്‍ ശക്തമായ എതിര്‍പ്പുണ്ടായതിനെത്തുടര്‍ന്ന് ആദ്യത്തെ അല്‍മായ പ്രസിഡന്റായി ജോണ്‍ നിധീരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. 1931-ലെ ചേര്‍ത്തല സമ്മേളനത്തില്‍ വച്ച് മഹാജനസഭയുടെ പേര് 'അഖിലകേരള കത്തോലിക്ക കോണ്‍ഗ്രസ്' എന്നു മാറ്റി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍